ചില തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളുമെല്ലാം എന്നെ ബാധിച്ചു, ശാകുന്തളം പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് സാമന്ത

സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്ത ‘ശാകുന്തളം’ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ പ്രമോഷൻ പരിപാടികളിലെല്ലാം സജീവമായിരുന്നു സാമന്ത. ഇപ്പോഴിതാ സാമന്ത പ്രമോഷൻ പരിപാടികളിൽ നിന്നെല്ലാം വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചില തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളുമെല്ലാം തന്നെ ബാധിച്ചതിനാലാണ് പ്രമോഷനുകളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നാണ് താരം വ്യക്തമാക്കിയിരുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ എല്ലാം തന്നെ പങ്കെടുത്തിരുന്ന സാമന്ത അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ചിരുന്നു.

‘നിർഭാഗ്യവശാൽ ചില തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളുമെല്ലാം എന്നെ ബാധിച്ചു, ഞാൻ ഇപ്പോൾ പനി ബാധിതയാണ്. എന്റെ ശബ്ദം നഷ്ടപ്പെരിക്കുകയാണ്” എന്നാണ് സാമന്ത റൂത്ത് പ്രഭു ട്വീറ്റ് ചെയ്തത്. അതേസമയം സാമന്ത ഇപ്പോൾ  ‘സിറ്റാഡൽ’ എന്ന വെബ് സീരിസിന്റെയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ‘ഖുശി’യുടെയും ചിത്രീകരണത്തിലുമാണ്. ഇതിന് ശേഷമാണ് സാമന്തയുടെ തിരക്ക് പിടിച്ച ദിവസങ്ങൾ നടിയുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നതെന്നു അറിയിച്ചുകൊണ്ട് താരം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ച് എത്തിയിരിക്കുന്നത്. ആറ് മാസത്തിലേറെയുള്ള നീണ്ട പോരാട്ടത്തിനൊടുവിലാണ് സാമന്ത മയോസിറ്റിസ് എന്ന അസുഖത്തിൽ നിന്നും സുഖം പ്രാപിച്ചിരുന്നത്.

നടിയുടെ ആരോഗ്യ നില പരിഗണിച്ച് ദിൽ രാജു ബുധനാഴ്ച രാത്രി നടത്താനിരുന്ന ‘ശാകുന്തളം’ പ്രീമിയർ ഷോ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ‘ശകുന്തളത്തിന്റെ’ പ്രത്യേക സ്ക്രീനിംഗ് നടന്നിരുന്നു. മികച്ച അഭിപ്രായമാണ് ഈ സ്‌ക്രീനിംഗോടെ സിനിമയ്ക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയാണ് ഗുണശേഖർ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ ഏപ്രിൽ പതിനാലിന് തിയേറ്ററുകളിലെത്തും. ‘സൂഫിയും സുജാതയും’ സിനിമയിലെ നടൻ ദേവ് മോഹനാണ് സാമന്തയുടെ നായകനായെത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന സിനിമ ത്രീഡിയിലാണ് റിലീസ് ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണിൽ നിന്നുള്ള സിനിമയാണ് ഇത്.

അല്ലു അർജുന്റെ മകൾ അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഗുണ ടീം വർക്സിൻറെ ബാനറിൽ നീലിമ ഗുണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവാണ് ചിത്രത്തിന്റെ അവതരണം.