മുംബൈ: ബോളിവുഡിലെ മുതിർന്ന നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഗണേഷ് വ്യക്തമാക്കി. മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങളും നടനെ അലട്ടിയിരുന്നു. വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് കൂട്ടിച്ചേര്‍ത്തു.
നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി താരങ്ങളും ആരാധകരും നടന്റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തി.
ഒരു ഇടവേളയ്ക്ക് ശേഷം സമീർ അടുത്തിടെയാണ് യുഎസിൽ നിന്ന് മടങ്ങിഎത്തിയത്. “എല്ലാവരും ജോലി അന്വേഷിക്കുന്നു, ഞാനും അങ്ങനെയാണ്. ജോലി അന്വേഷിക്കുക എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ഒരു ജോലിയെ സമീപിക്കുകയും അപേക്ഷിക്കുകയും ചെയ്യുക എന്നതാണ്. അഭിനേതാക്കളുടെ കാര്യത്തിൽ, ഇത് എല്ലാ സിനിമകളിലും ഷോകളിലും ദൈനംദിന വ്യായാമമാണ്. പക്ഷെ ഞാൻ ഒരു മോശം വിൽപ്പനക്കാരനാണ്”- അടുത്തിടെ നൽകിയ അഭിമുഖത്തിൽ സമീർ പറഞ്ഞു.