Oscar 2023 | 'എലിഫന്റ് വിസ്‌പറേഴ്‌സ്': തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്‌കാർ തിളക്കം

അഭിമാനം കൊണ്ട് രാജ്യം തലയുയർത്തി നിൽക്കുന്ന ദിവസമാണിന്ന്. 95-ാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഡോക്യുമെന്ററി ഷോർട്ട് സബ്ജക്‌ട് വിഭാഗത്തിൽ വിജയിച്ച ആദ്യ ഇന്ത്യൻ പ്രൊഡക്ഷനായി ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ തിരഞ്ഞെടുക്കപ്പെട്ടു. നവാഗതയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണിത്. ‘ഹൗലൗട്ട്’, ‘ഹൗ ഡു യു മെഷർ എ ഇയർ?’, ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’, ‘സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ്’ എന്നീ ചിത്രങ്ങളെയെല്ലാം മറികടന്നാണ് ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ ഈ നേട്ടം കരസ്ഥമാക്കിയത്.

“നമ്മളും പ്രകൃതിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിനും, തദ്ദേശീയ സമൂഹങ്ങളോട് ഉണ്ടാകേണ്ട ബഹുമാനത്തിനും, മറ്റ് ജീവജാലങ്ങളോടുള്ള സഹാനുഭൂതിയ്ക്കും സഹവർത്തിത്വത്തിനും വേണ്ടി സംസാരിക്കാനാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്,” ഗോൺസാൽവസ് തന്റെ അവാർഡ് സ്വീകരിച്ച് കൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞു. “ദി എലിഫന്റ് വിസ്‌പറേഴ്സ്” 39 മിനിറ്റ് സമയം കൊണ്ട് ഉപേക്ഷിക്കപ്പെട്ട രണ്ട് ആനക്കുട്ടികളായ രഘുവും അമുവും അവയുടെ സംരക്ഷകരായ ബൊമ്മനും ബെല്ലിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് വരച്ച് കാട്ടുന്നത്.