തിയേറ്ററില്‍ ആവേശ ചിരിപടര്‍ത്തിയ ‘രോമാഞ്ചം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സോഫീസില്‍ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ‘എലോണ്‍’, ‘ക്രിസ്റ്റഫര്‍’ തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ പടങ്ങളേക്കാളും കളക്ഷന്‍ ഇതിനകം തന്നെ രോമാഞ്ചം നേടികഴിഞ്ഞു.
ഫെബ്രുവരി മൂന്നിന് കേരളത്തിലെ 144 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ 197 സ്ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിച്ചു. വിവിധി ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായി രോമാഞ്ചം മാറി കഴിഞ്ഞു.
34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 62 കോടി രൂപയാണ് ‘രോമാഞ്ചം’ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 38 കോടിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു.
ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന് എന്നിവരാണ്. സൗബിന് ഷാഹീര്‍, അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.