ഇന്ത്യന്‍ സിനിമയിലെ ആദ്യ നായിക; സിനിമാ ചരിത്രത്തിൽ അർഹമായ അംഗീകാരം ലഭിക്കാത്ത സ്ത്രീകൾ

ഒരുകാലത്ത് സിനിമകളില്‍ അഭിനയിക്കുക എന്നത് ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് വരെ തന്റെ ആദ്യ ചിത്രത്തില്‍ സ്ത്രീകളെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1913ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ രാജ ഹരിശ്ചന്ദ്രയില്‍, ഹരിശ്ചന്ദ്രന്റെ ഭാര്യയായ താരാമതിയായി എത്തിയത് അന്ന സാലൂങ്കേ എന്ന നടനായിരുന്നു. അദ്ദേഹത്തെ സ്ത്രീ വേഷത്തിലൊരുക്കിയാണ് ഈ കഥാപാത്രത്തിനായി വെള്ളിത്തിരയിലെത്തിച്ചത്.

എന്നാല്‍ ഫാല്‍ക്കെയുടെ രണ്ടാമത്തെ ചിത്രമായ ഭസ്മാസുരില്‍ ആണ് വിപ്ലവകരമായ മാറ്റമുണ്ടായത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ നടിയായി ദുര്‍ഗാഭായി കാമത്തും അവരുടെ മകള്‍ കമലാഭായി ഗോഖലെയും എത്തിയ കാലമായിരുന്നു അത്.

ഭസ്മാസുറില്‍ പാര്‍വ്വതിയായി എത്തിയത് ദുര്‍ഗാഭായി കാമത്ത് ആയിരുന്നു. ഇവരുടെ മകളായ കമലാഭായി ഗോഖലെയ്ക്ക് മോഹിനിയുടെ വേഷമായിരുന്നു ഫാല്‍ക്കെ നല്‍കിയത്. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ ആദ്യ ബാലതാരവും ആദ്യ നായികയുമായി ഇവര്‍ രണ്ടുപേരും മാറുകയായിരുന്നു.

കലാമേഖലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന കാലത്താണ് ദുര്‍ഗാഭായി സിനിമയിൽ അഭിനയിക്കാനായി എത്തുന്നത്. തന്റെ കുഞ്ഞിന് വേണ്ടിയായിരുന്നു ഇവര്‍ സിനിമയിലേക്ക് വരാന്‍ തയ്യാറായത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം സ്വന്തം സമുദായത്തില്‍ നിന്നും ദുര്‍ഗാഭായിയെ പുറത്താക്കി.

സിനിമമേഖലയില്‍ സ്ത്രീകള്‍ സജീവമായി എത്താന്‍ പിന്നീടും വര്‍ഷങ്ങളെടുത്തു. എന്നിരുന്നാലും ദുര്‍ഗാഭായി നല്‍കിയ ധൈര്യം ഈ മേഖലയിലേക്ക് കടന്നുവരുന്ന ഓരോ പെണ്‍കുട്ടിയ്ക്കും ഊര്‍ജം നല്കിയിരുന്നു. എന്നാല്‍ ദുര്‍ഗാഭായിയെ അറിയുന്നവര്‍ വളരെ ചുരുക്കമാണ്. ദുര്‍ഗഭായിയെ മാത്രമല്ല. അവരെപ്പോലെ സിനിമമേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ സ്ത്രീകളെപ്പറ്റിയും പൊതുസമൂഹത്തിന് ഇപ്പോഴും കാര്യമായ അറിവില്ല. അവരില്‍ ചിലരെ പരിചയപ്പെടാം;

സരസ്വതിഭായി ഫാല്‍ക്കെ

ഇന്ത്യന്‍ സിനിമയിലെ ആദ്യ ഫിലിം എഡിറ്ററായിരുന്നു സരസ്വതിഭായി ഫാല്‍ക്കെ. തന്റെ ഭര്‍ത്താവായ ദാദ സാഹേബ് ഫാല്‍ക്കെയെ സഹായിക്കുന്നതിനായാണ് ഇവര്‍ എഡിറ്റിംഗ് പഠിച്ചത്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും സരസ്വതി ഭായി ആണ് എഡിറ്റ് ചെയ്തത്. വീട്ടമ്മയായിരിക്കുമ്പോഴും സിനിമയുടെ പ്രീ പ്രോഡക്ഷനിലും പോസ്റ്റ് പ്രോഡക്ഷനിലും സജീവ സാന്നിദ്ധ്യമായി സരസ്വതിഭായി മാറിയിരുന്നു. എന്നാല്‍ ഇവരുടെ സംഭാവനകളെപ്പറ്റി പൊതുസമൂഹത്തിന് ഇപ്പോഴും ധാരണയില്ല എന്നതാണ് വാസ്തവം.

ദേവിക റാണി

രബീന്ദ്രനാഥ ടാഗോറിന്റെ അനന്തരവളും നടനും സംവിധായകനുമായ ഹിമാംശു റായിയുടെ ഭാര്യയുമാണ് ദേവികാ റാണി. 1934ല്‍ തന്റെ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് ബോംബെ ടാക്കീസ് നിര്‍മ്മിച്ചത് ഇവരാണ്. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയ്‌ക്കെതിരെ പോരാടിയ ആളുകൂടിയാണ് ഇവര്‍. ഹിമാംശു റായി 1940ല്‍ മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം സ്റ്റുഡിയോയുടെ നിയന്ത്രണം ലഭിക്കാന്‍ കനത്ത പോരാട്ടമാണ് ദേവികാ റാണി നടത്തിയത്. 1945ല്‍ അവര്‍ തന്റെ ഷെയറുകള്‍ എല്ലാം വില്‍ക്കുകയും റഷ്യക്കാരനായ കലാകാരന്‍ സ്വറ്റോസ്ലാവ് റോറിച്ചിനെ വിവാഹം കഴിക്കുകയും ചെയ്തു. 1994ലാണ് ദേവിക റാണി അന്തരിച്ചത്. പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു ദേവിക റാണിയുടെ ജീവിതം.

പികെ റോസി

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയെ കാലം അംഗീകരിച്ചിട്ടും അധികകാലമായിട്ടില്ല. 1930 ൽ വിഗതകുമാരനിൽ അഭിനയിച്ചതിന്റെ പേരിൽ റോസിയെ സമൂഹം അധിക്ഷേപിച്ചു. സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. അധിക്ഷേപവും ആക്രമവും സഹിക്കാനാകാതെ റോസിക്ക് തമിഴ്നാട്ടിലേക്ക് നാടുവിടേണ്ടി വന്നു.