ആദിപുരുഷ് കണ്ടത് ത്രില്ലടിച്ച്, മൃഗങ്ങൾ നമ്മുടെ നേരെ വരുന്നത് പോലെ തോന്നും

പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ റിലീസ് ആയതിന് പിന്നാലെ ട്രോളുകളുടെ പൂരമാണ്. സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ത്രീഡി ടീസർ ലോഞ്ച് വേളയിൽ സിനിമയെ കുറിച്ച് പ്രത്യാശയോടെയാണ് പ്രഭാസ് സംസാരിച്ചത്.

‘ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു. ആ ദൃശ്യങ്ങളും മൃഗങ്ങളുമെല്ലാം നമ്മുടെ നേരെ വരുന്നത് പോലെ തോന്നും. ഇന്ത്യയിൽ ആദ്യമായാണ് ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്, പ്രത്യേകിച്ച് ത്രീഡിക്കായി’, പ്രഭാസ് പറഞ്ഞു.

ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണ് എന്നാണ് പ്രധാന വിമര്‍ശനം. കുട്ടികൾക്കായാണോ സിനിമ ഒരുക്കിയത് എന്നും കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്. ‌‌‌‌ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അയോധ്യയില്‍ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് അണിയറ പ്രവർത്തകർ നടത്തിയത്. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ലെ വമ്പൻ റിലീസുകളിൽ ഒന്നാണ്.