കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു: ക്രൂരകൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ആലപ്പുഴ: കലവൂര്‍ കോര്‍ത്തുശേരിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കടവന്ത്ര സ്വദേശി സുഭദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സുഭദ്ര നേരിട്ടത് ക്രൂര കൊലപാതകം എന്ന് പൊലീസ്. മൃതദേഹത്തിൽ വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. ഇടതു കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യില്‍ സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. സംഭവത്തിൽ കലവൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിധിന്‍) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിളയും ഒളിവിലാണ്.
read also: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്
സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
മാത്യൂസും ശര്‍മിളയും സ്ഥിരം മദ്യപാനികളായിരുന്നു. മദ്യപിച്ചശേഷം വലിയ പ്രശ്നമുണ്ടാക്കുമായിരുന്നു. ശര്‍മിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് മാത്യുസിന്റെ അമ്മ പറയുന്നു.
ശര്‍മിള വാങ്ങിയ 3000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടില്‍ വന്ന് വഴക്കുണ്ടാക്കി. 7000 രൂപ വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. മാത്യൂസിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. വെട്ടേറ്റ് മൂന്നു ഞരമ്പ് മുറിഞ്ഞുപോയിരുന്നു. അത് ശര്‍മിള വെട്ടിയതാണെന്നാണ് പരിസരവാസികള്‍ പറഞ്ഞ് അറിഞ്ഞതെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.
കൊലപാതകത്തിനു ശേഷം മാത്യൂസും ശര്‍മിളയും ആലപ്പുഴയിലെ തുറവൂരിലെ ഒരു വീട്ടിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികള്‍ സ്വര്‍ണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.