രേവ: ഭർതൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലെ രേവ ജില്ലയിൽ 2022 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആട്രയില ഗ്രാമത്തിൽ താമസിക്കുന്ന സരോജ് കോൾ(50) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനൊടുവിൽ മരുമകളായ 24 കാരി കാഞ്ചൻ കോൾ ആണ് ഭർതൃമാതാവിനെ അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
read also: ‘ആത്മാക്കളുമായി സംസാരിക്കുന്നു’: യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്
സരോജും മരുമകളും വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും വഴക്കിട്ടു. പ്രകോപിതയായ യുവതി വീട്ടിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് അമ്മായിയമ്മയെ വെട്ടി വീഴ്ത്തി. 95 തവണ സരോജിന് വെട്ടേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതിയുടെ ഭർത്താവടക്കം ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ മകനാണ് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഗാർഹിക പീഡനം സഹിക്കാനാവാതെയാണ് താൻ അമ്മായിയമ്മയെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. കേസിൽ രേവ ജില്ല ഡീഷണൽ സെഷൻസ് 4 കോടതിയാണ് യുവതിക്ക് വധ ശിക്ഷ വിധിച്ചത്.