ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം; ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടമ്പരന്ന് യുവാവ്, സംഭവം ഇങ്ങനെ


ലക്നൗ: ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ച് യുവതി. ആഗ്രയിലെ ബാഹ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവ് ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം നടന്നതെന്നും, ഭർത്താവിനെ കൊല്ലുന്നവർക്ക് പാരിതോഷികമായി അരലക്ഷം രൂപ നൽകാമെന്നുമാണ് സ്റ്റാറ്റസിന്റെ ഉള്ളടക്കം. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയായ യുവതിയാണ് സ്റ്റാറ്റസ് പങ്കുവെച്ചത്.

2022 ജൂലൈ 9നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവർ തമ്മിൽ വഴക്കും ആരംഭിച്ചു. അതേ വർഷം ഡിസംബറിൽ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, വിവാഹമോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയുമായിരുന്നു. ഇതിനിടയിൽ ഭാര്യയുടെ കുടുംബം തന്നെ കൊല്ലുമെന്ന് നിരവധി തവണ ഭീഷണി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് യുവതിക്കെതിരെ കേസെടുത്തു. നിലവിൽ, പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.