റിയാസ് മൗലവി വധക്കേസ് വിധി: വിദ്വേഷ പ്രചാരണങ്ങൾ നടത്തരുത്, 24 മണിക്കൂറും സൈബർ പട്രോളിംഗുമായി പോലീസ്


തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെയും, അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്വേഷ സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നീണ്ട 7 വർഷങ്ങൾക്കുശേഷം റിയാസ് മൗലവി വധക്കേസ് വിധി ഇന്നാണ് പ്രസ്താവിച്ചത്. വധക്കേസിലെ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസർഗോഡ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിറക്കിയത്.

കേളുഗുഡെ സ്വദേശികളായ രാജേഷ്, നിതിൻകുമാർ, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2017 മാർച്ച് 20-നാണ് കുടക് സ്വദേശിയായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിൽ മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ പള്ളിയിൽ അതിക്രമിച്ച് കയറിയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസത്തിനകമാണ് കുറ്റവാളികളെ പൊലീസ് പിടികൂടിയത്. തുടർന്ന് 90 ദിവസത്തിനകം കേസിലെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.