അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ലൈംഗിക ചേഷ്ട കാട്ടിയ യുവാവ് പിടിയില്‍


തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജു(32)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ സ്കൂളിൽ പോവുകയായിരുന്ന 5-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികള്‍ക്ക് നേരെയാണ് പ്രതി ലൈംഗീക ചേഷ്ടകൾ കാട്ടിയത്. ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിറുത്തി ചേഷ്ടകൾ കാട്ടുകയായിരുന്നു.

കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നൽകിയ പരാതിയിൽ മാറനല്ലൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ
പ്രതിയെ റിമാന്‍റ് ചെയ്തു.