ആന്ധ്രാപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ പി വിജയ കൃഷ്ണ, പി നിഖിൽ എന്നിവരെയാണ് ഗുണ്ടൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്. ബപട്‌ല ജില്ലയിൽ കഴിഞ്ഞ വർഷം ആയിരുന്നു മനസാക്ഷിയെ മരവിപ്പിച്ച സംഭവം നടന്നത്.
2022 ഏപ്രിൽ 30ന് യുവതിയും ഭർത്താവും 3 കുട്ടികളും അടങ്ങുന്ന കുടുംബം അർദ്ധരാത്രി 11.30 ഓടെ ആന്ധ്രാ പ്രദേശിലെ റെപ്പല്ലി റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ എത്താൻ കൂടുതൽ സമയം ഉള്ളതിനാൽ ഇവർ പ്ലാറ്റ്ഫോമിൽ തന്നെ കിടന്നുറങ്ങി. എന്നാൽ പിറ്റേദിവസം പുലർച്ചെ പ്രതികൾ ഉറങ്ങിക്കിടക്കുന്ന ഇവരെ വിളിച്ചുണർത്തുകയും യുവതിയുടെ ഭർത്താവുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഇവരുടെ കൈയിൽ ഉണ്ടായിരുന്ന പണം കൈക്കലാക്കിയ ശേഷം ഭർത്താവിനെ മർദ്ദിച്ചവശനാക്കി യുവതിയെ പ്ലാറ്റ്ഫോമിന് അരികിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Also read-ഹോട്ടലിൽവെച്ച് മദ്യം നൽകി യുവതിയെ പീഡിപ്പിച്ചതിന് രണ്ടുപേർക്കെതിരെ കേസ്
ഇതിനിടെ യുവതിയുടെ ഭർത്താവ് റേപ്പള്ളി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നാൽ പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ അന്നുതന്നെ പ്രതികളെ പിടികൂടാൻ പോലീസ് സാധിച്ചു. കൂടാതെ സംഭവം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രതികൾക്ക് ലഭിക്കാവുന്നതിൽ പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് കേസിന് മേൽനോട്ടം വഹിച്ച ബപട്‌ല പോലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ പറഞ്ഞു.
” പ്രതികളെ ഒരു വർഷത്തിനുള്ളിൽ ശിക്ഷിക്കുകയും 20 വർഷത്തെ തടവിന് വിധിക്കുകയും ചെയ്തു. കൂടാതെ പോക്സോ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം കോർട്ട് ട്രയൽ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ഡിജിപി കെ. രാജേന്ദ്രനാഥ് റെഡ്ഡി അറിയിച്ചു.