മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍ക്കെതിരേ ആറ് മത്സരാര്‍ഥികള്‍ ലൈംഗിക പീഡന പരാതി നല്‍കി. സൗന്ദര്യമത്സരത്തിന്റെ ഭാഗമായി ടോപ്‌ലെസ് ആയി ശരീരപരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതാതായി ഇവര്‍ പറഞ്ഞു. മത്സരാര്‍ഥികള്‍ പരാതി നല്‍കിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് മത്സരം നടന്നത്. ശരീരപരിശോധന നടത്താന്‍ അടിവസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ സംഘാടകര്‍ തങ്ങളോട് ആവശ്യപ്പെട്ടതായി അഞ്ച് മത്സരാര്‍ഥികള്‍ ആരോപിച്ചു. മുറിയില്‍ പുരുഷന്മാരുൾപ്പെടെ 20-ല്‍ അധികം പേർ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരം പരിശോധനകളുടെ യാതൊരു ആവശ്യമില്ലെന്ന് അഭിഭാഷകയായ മെലിസ ആന്‍ഗ്രനി പറഞ്ഞു. ആറ് മത്സരാര്‍ഥികളാണ് പരാതി നല്‍കിയത്. മത്സരത്തിനിടെ അനുചിതമായി പോസ് ചെയ്യാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടതായി മറ്റൊരു മത്സരാര്‍ഥി പത്രസമ്മേളനത്തില്‍ ആരോപിച്ചു. തന്നെ ഒളിഞ്ഞ് നോക്കുന്നതായി അനുഭവപ്പെട്ടുവെന്നും ഇവർ പറഞ്ഞു.
അതേസമയം, സംഘാടകരുടെ ഭാഗത്തുനിന്ന് ഇതുവരെയും ഔദ്യോഗികമായ വിശദീകരണം ലഭിച്ചിട്ടില്ല. ഇതിന് മുമ്പ് ഇന്തോനേഷ്യയിലെ ഒട്ടേറെ മത വിശ്വാസികള്‍ മത്സരത്തിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും അധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ.
കഴിഞ്ഞ വര്‍ഷമാണ് 20 മില്യണ്‍ ഡോളറിന് തായ്‌ലന്‍ഡില പ്രമുഖ മാധ്യമ വ്യവസായിയും ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജക്കാഫോങ് ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ വാങ്ങിയത്. ഈ വര്‍ഷം അവസാനം എല്‍ സാല്‍വഡോറില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് ഇന്തോനേഷ്യന്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന മത്സരമാണ് മിസ് ഇന്തോനേഷ്യ യൂണിവേഴ്‌സ്.