പാറശ്ശാലയിൽ വീടിനു സമീപത്ത് വീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മർദനം


തിരുവനന്തപുരം: പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മർദ്ദനമേറ്റതായി പരാതി. പാറശാല നടുവാൻവിളയിലാണ് സംഭവം. അയൽവാസി അമ്മയേയും മകനേയും മർദിച്ചെന്നാണ് പരാതി.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ‌, കഴിഞ്ഞ വ്യാഴാഴ്ച്ച സ്കൂൾ വിട്ട് വരുന്ന വഴിയിൽ ആറാം ക്ലാസുകാരൻ വീടിനു സമീപത്ത് വീണു കിടന്ന തേങ്ങയുമായി വീട്ടിലെത്തി. പിന്നാലെ അവകാശവാദമുന്നയിച്ച് എത്തിയ അയൽവാസി തേങ്ങയുമായി തിരികെ പോയി. ഇത് നേരിയ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് ഇന്നലെ അയൽവാസി കുട്ടിയുടെ വീട്ടിലെത്തുകയും അമ്മയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട ശേഷം മർദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതി. കുട്ടിക്കും മർദ്ദനമേറ്റതായി പറയുന്നു.

സംഭവത്തിൽ അയൽവാസിയായ ശശിക്കെതിരെ പാറശാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.