കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ നിന്നും പിടിച്ചെടുത്ത ശരീരഭാഗങ്ങൾ ആടിന്റേത്


തേനി: കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറിൽ നിന്നും പിടിച്ചെടുത്ത ശരീരഭാഗങ്ങൾ ആടിന്റേതെന്ന് സ്ഥിരീകരണം. വിശദമായ പരിശോധനയിലാണ് ശരീരഭാഗങ്ങൾ ആടിന്റേതാണെന്ന് സ്ഥിരീകരിച്ചത്. നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങളാണ് പാത്രത്തിൽ അടച്ച നിലയിൽ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ​ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്തതാണ് അവയവങ്ങളെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇടുക്കി വണ്ടിപ്പെരിയാറിലെ ലോഡ്ജിൽ നിന്നാണ് ഇവ വാങ്ങിയത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി ജെയിംസിനെയും പൊലീസ് പിടികൂടി. തുടർന്ന് ശരീരഭാഗങ്ങൾ മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കാനാണ് വിശദ പരിശോധനക്ക് അയച്ചത്.

വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ കാറിൽ നിന്ന് മൂന്നുപേരെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം പരിശോധിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.