കാമുകിയെ ബലാത്സംഗം ചെയ്ത് സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ നിര്‍ബന്ധിച്ച നൃത്താധ്യാപകൻ അറസ്റ്റിൽ


ബംഗളുരുവില്‍ നൃത്താധ്യാപകനായ യുവാവ് മുന്‍ കാമുകിയെ ബലാത്സംഗം ചെയ്തു. ഒരുവര്‍ഷത്തിലധികം ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കൂടാതെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യുവതിയുടെ പരാതിയെതുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടിഗേഹള്ളി പോലീസ് കേസെടുക്കുകയായിരുന്നു. ഒരു സ്വകാര്യ സ്‌കൂളിലെ നൃത്താധ്യാപകനായ ആന്‍ഡി ജോര്‍ജാണ് പ്രതി. ഇയാളുടെ സുഹൃത്തുക്കളായ സന്തോഷ്, ശശി കുമാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്യാരണ്യപുരയിലാണ് ജോര്‍ജ് താമസിക്കുന്നത്. അതിന് അടുത്ത് തന്നെയാണ് ഇയാളുടെ രണ്ട് സുഹൃത്തുക്കളുടെയും വീടുകള്‍. വടക്ക്-കിഴക്കന്‍ ബംഗളുരു സ്വദേശിയാണ് പീഡനത്തിനിരയായ യുവതി. തൊഴില്‍രഹിതയായ യുവതി തന്റെ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്.

രണ്ട് വര്‍ഷം മുമ്പാണ് ജോര്‍ജ് യുവതിയുമായി പരിചയത്തിലാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവര്‍ സുഹൃത്തുക്കളായത്. സൗഹൃദം പ്രണയമായി വളര്‍ന്നു. പിന്നീട് ഇരുവരും ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

തന്റെ വീട്ടിലേക്കും ഇയാള്‍ യുവതിയെ കൊണ്ടുവന്നിരുന്നു. ഇവര്‍ ഒരുമിച്ച് യാത്രകളും ചെയ്തിരുന്നു. എന്നാല്‍ എല്ലാ സ്വകാര്യ നിമിഷങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

2021 ആയപ്പോഴേക്കും ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍ ആ ബ്രേക്കപ്പ് അത്ര എളുപ്പത്തില്‍ അവസാനിച്ചില്ല. യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇങ്ങനെ ഭീഷണിപ്പെടുത്തി നിരവധി തവണ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നിരവധി സ്ഥലത്ത് കൊണ്ടുപോയായിരുന്നു പീഡനം.

യുവതിയെപ്പറ്റി ജോര്‍ജ് തന്റെ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തുക്കളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. സുഹൃത്തുക്കളായ സന്തോഷ്, ശശി എന്നിവരും യുവതിയുമായുള്ള സ്വകാര്യ രംഗങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. ശേഷം സുഹൃത്തുക്കളില്‍ നിന്ന് 3000, 5000 രൂപ വരെ ഇയാള്‍ വാങ്ങിയിരുന്നു.

എന്നാല്‍ പിന്നീട് യുവതി ഇവരെ കാണാന്‍ കൂട്ടാക്കാതായതോടെ ജോര്‍ജ് യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ഫോട്ടോകളും, വീഡിയോയും, ഇവയടങ്ങിയ പെന്‍ഡ്രൈവ്, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവ പ്രതിയില്‍ നിന്നും പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ ലക്ഷ്മി പ്രസാദ് പറഞ്ഞു.

ബലാത്സംഗക്കുറ്റം കൂടാതെ ഐടി നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളും യുവതിയുമായുള്ള സ്വകാര്യരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

കൂടാതെ ജോര്‍ജ് ജോലി ചെയ്തിരുന്ന സ്‌കൂളിലും പോലീസ് വിശദമായ അന്വേഷണം നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു ഈ അന്വേഷണം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഇയാള്‍ ഉപദ്രവിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.