കഞ്ചാവ് കേസ് പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചു: എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 28 കിലോയോളം കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21), ഇയാളുടെ പിതാവ് തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.

കഞ്ചാവ് കൊണ്ടുവന്ന ഒഡീഷ കന്ധമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമാനന്ദ് പ്രധാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നവീന് വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഇയാൾ മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്.

സംഭവശേഷം നവീൻ അബുദാബിയിലേക്ക് കടന്നിരുന്നു. ഇയാളെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും വിദേശത്തക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്. മേയ് 30-ന് സാജൻ വിരമിക്കാനിരിക്കെയാണ് മകനെ സഹായിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.

കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തിയതിനും ഒളിത്താവളങ്ങളും വാഹനവും ഒരുക്കി നൽകിയതിനുമാണ് ആൻസ്, ബേസിൽ തോമസ് എന്നിവർ പിടിയിലായത്. റൂറൽ എസ്പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് തീവണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്.