ഓസ്‌ട്രേലിയയില്‍ അഞ്ച് യുവതികളെ പീഡിപ്പിച്ച് ഇന്ത്യന്‍ വംശജന്‍

ഓസ്ട്രേലിയയില്‍ അഞ്ച് കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു. രാഷ്ട്രീയ ബന്ധമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖനായ ബാലേഷ് ധന്‍ഖറാണ് പ്രതി. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു.  2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 13 ബലാത്സംഗക്കേസുകള്‍ ഉള്‍പ്പെടെ 39 കേസുകളില്‍ പ്രതി വിചാരണ നേരിട്ടിരുന്നു. 43 കാരനായ പ്രതി ഡാറ്റാ വിദഗ്ധനാണ്. സിഡ്നി മോണിംഗ് ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തനിക്കെതിരെയുള്ള 39 കുറ്റങ്ങളില്‍ ഓരോന്നിനും ”കുറ്റക്കാരനാണ്” എന്ന് ജൂറി ഫോര്‍മാന്‍ പ്രഖ്യാപിച്ചതോടെ പ്രതി കോടതി മുറിയില്‍ വികാരാധീനനായി. മെയ് മാസത്തില്‍ കേസുകള്‍ കോടതി വീണ്ടും പരിഗണിക്കും. ഈ വര്‍ഷം അവസാനത്തോടെ ശിക്ഷ വിധിക്കുമെന്നാണ് വിവരം.

ഓസ്ട്രേലിയയിലെ ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്സിന്റെ തലവനായിരുന്നു ധന്‍ഖര്‍. 2018 ജൂലൈയില്‍ അദ്ദേഹം OFBJP ഓസ്ട്രേലിയയില്‍ നിന്ന് രാജിവെച്ചതായി ആരോപണങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

കുറ്റകൃത്യം നടത്തിയ രീതി

കൊറിയന്‍ വിവര്‍ത്തകര്‍ക്കായി വ്യാജ ജോലി ഒഴിവുകള്‍ പോസ്റ്റുചെയ്ത് സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നതാണ് ബാലേഷിന്റെ പതിവ്. സിഡ്നി സിബിഡിയിലെ തന്റെ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലേക്ക് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളെ കൊണ്ടുപോകുന്നതിന് മുമ്പ് പ്രതി  ഹോട്ടല്‍, കഫേ, കൊറിയന്‍ റെസ്റ്റോറന്റ് എന്നിവയില്‍ എത്തും. ഇവര്‍ക്ക് ഉറക്കഗുളികകളായ സ്റ്റില്‍നോക്സ്/കുപ്രസിദ്ധ ഡേറ്റ് റേപ്പ് മരുന്നായ റോഹിപ്നോള്‍ എന്നിവ വൈനിലും മറ്റ് പാനീയങ്ങളിലും കലര്‍ത്തി നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തന്റെ ബെഡ്സൈഡ് അലാറം ക്ലോക്കില്‍ ഒളിപ്പിച്ച ക്യാമറയിലോ മൊബൈല്‍ ഫോണിലോ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ധന്‍ഖര്‍ പകര്‍ത്തും. ഇവ രണ്ടും പോലീസ് കണ്ടെടുത്തു.

2018 ഒക്ടോബറില്‍ പോലീസ് ധന്‍ഖറിന്റെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയപ്പോള്‍, അയാള്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ 47 വീഡിയോകള്‍ കണ്ടെത്തിയിരുന്നു. അവരില്‍ ചിലര്‍ അബോധാവസ്ഥയിലായിരുന്നു. ബലാത്സംഗ വീഡിയോകള്‍ ഫോള്‍ഡറുകളായി ക്രമീകരിച്ചിരുന്നു. ഓരോന്നിനും ഇരയുടെ പേര് നല്‍കിയായിരുന്നു സൂക്ഷിച്ചിരുന്നത്.

അറസ്റ്റും വിചാരണയും

2018 ഒക്ടോബര്‍ 21 ന്, അഞ്ചാമത്തെ ഇരയാണ് ധന്‍കറിനെ കുടുക്കിയത്. യുവതിയെ പീഡിപ്പിക്കുന്നതിനിടെ അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന് ബാത്ത്‌റൂമില്‍ ഒളിച്ചിരുന്നു. ഇവര്‍ സുഹൃത്തിന് സന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ധന്‍ഖറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ച് സ്ത്രീകളും ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയിരുന്നുവെന്നും അതിനാലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും കുറ്റം നിഷേധിച്ച് കൊണ്ട് ധന്‍കര്‍ കോടതിയില്‍ പറഞ്ഞു. വിവാഹേതര ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് തനിച്ചായതിനാലാണ് താന്‍ സ്ത്രീകളോട് കള്ളം പറഞ്ഞതെന്ന് ധന്‍ഖര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിക്കെതിരെ കുറ്റമാരോപിച്ച അഞ്ച് പേരെയും കോടതിയില്‍ ക്രോസ് വിസ്താരത്തിന് വിധേയമാക്കി. ലൈംഗികാതിക്രമങ്ങളുടെ റെക്കോര്‍ഡിംഗുകളും ജൂറിക്കായി പ്ലേ ചെയ്തു. വീഡിയോകള്‍ കണ്ട് ജൂറി തന്നെ ഞെട്ടിയെന്നും ദി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.