കാഞ്ഞാർ: കഴിഞ്ഞ 14-നു കാണാതായ വയോധികയുടെ മൃതദേഹം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തി. ചക്കിക്കാവ് കുന്നുംപുറത്ത് ബാലമ്മ രാമന്റെ (87) മൃതദേഹമാണ് മലഞ്ചെരുവിൽ കണ്ടെത്തിയത്.
ഭർത്താവ് രാമനും മകൻ സുഭാഷിനും ഒപ്പമാണ് വയോധിക താമസിച്ചിരുന്നത്. രാവിലെ ജോലിക്കു പോയ രാമനും സുഭാഷും തിരികെ എത്തിയപ്പോൾ ബാലമ്മയെ വീട്ടിൽ കാണാനില്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് പൊലീസ് നായയുടെ സഹായത്തോടെയും തെരച്ചിൽ നടത്തിയിരുന്നു. ഇവരുടെ വീട്ടിൽനിന്നു ഒരു കിലോമീറ്റർ മാറി സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ താഴ്ചയിലായി ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്.
കാഞ്ഞാർ എസ്ഐ ജിബിൻ തോമസ്, സിബി എൻ. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.