കൊല്ലം: മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. പുത്തൻകുളം കേശുഭവനിൽ തമ്പിയെന്ന് വിളിക്കുന്ന സാജൻ (46) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ 18-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രതി ഭജനമഠം ചരുവിള പുത്തൻവീട്ടിൽ കയറി ആഹാരം കഴിക്കുകയായിരുന്ന പ്രമോദിനെ കൊടുവാൾ കൊണ്ടു ഇരുകൈകളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും തുടർന്ന് തറയിൽ വീണ പ്രമോദിന്റെ തോളിലും തലയിലും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ അത്യാസന വിഭാഗത്തിൽ ചികിൽസയിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പാരിപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ അൽജബറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുജിത്, രാധാകൃഷ്ണൻ സിപിഒ ബിജു, സജിത് ലാൽ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.