പാരിപ്പള്ളി: യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പുതക്കുളം പുത്തൻ കുളം പറണ്ട കുളം ഗ്രേസ് ഭവനിൽ, ചിറക്കര കുളത്തുർ കോണം സജു ഭവനിൽ താമസക്കാരനായ സാജ(48)നെയാണ് പാരിപ്പള്ളി എസ്എച്ച്ഒ അൽ ജബാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിറക്കര കുളത്തൂർ കോണം ഭജനമഠം ചരുവിള വീട്ടിൽ പ്രമോദി(42)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രമോദ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രമോദിന്റെ വീട്ടിലെത്തിയ സാജൻ പ്രമോദിനെ ആക്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും അപ്പോൾ ഉണ്ടായിരുന്നില്ല. നിരവധി വെട്ടുകൾ പ്രമോദിന്റെ ശരീരത്തിലേറ്റു. അയൽവാസികളും സ്ഥലത്തെത്തിയ പൊലീസും ചേർന്നാണ് ആദ്യം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്, ഗുരുതരാവസ്ഥയിലായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
സാജന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് കാരണം പ്രമോദാണെന്നാണ് സാജൻ പറയുന്നത്. തുടർന്നുണ്ടായ വൈരാഗ്യത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രമോദിന്റെ വീട്ടിലെത്തി വെട്ടി വീഴ്ത്തുകയായിരുന്നു. നിലത്തു വീണ പ്രമോദിനെ ദേഷ്യം തീരുവോളം വെട്ടുകയായിരുന്നു. പൊലീസ് പിടിയിലായ സാജനെ പരവൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.