ഡൽഹി മെട്രോ ലിഫ്റ്റിനുള്ളിൽ വെച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒരാളെ ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് സ്‌റ്റാഫായി ജോലി ചെയ്‌തിരുന്ന 26 കാരനായ രാജേഷ് കുമാർ കോഹ്‌ലിയെ വെള്ളിയാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഏപ്രിൽ നാലിനാണ് സംഭവം.
എന്തായിരുന്നു കേസ്?
സംഭവത്തെക്കുറിച്ച് പോലീസിന് ഒരു ഫോൺ കോൾ ലഭിക്കുകയായിരുന്നു, തുടർന്ന് പോലീസ് ഏപ്രിൽ 4ന് ജസോല അപ്പോളോ മെട്രോ സ്‌റ്റേഷനിൽ എത്തുകയും ചെയ്‌തു. മെട്രോ ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ ഒരാൾ തന്റെ പുറകിൽ അനുചിതമായി സ്‌പർശിച്ചതായി ഇരയുടെ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതിക്കെതിരെ കേസെടുത്തു.
അന്വേഷണം
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചു. ഒരു സംഘം സമീപത്തെ കടകൾ, ഓഫീസുകൾ, മാളുകൾ, മെട്രോ സ്‌റ്റേഷന്റെ പാർക്കിംഗ് ഏരിയ എന്നിവയുടെ ദൃശ്യങ്ങൾ പരിശോധിച്ചു. എഎസ്‌ഐ രാജേഷ്, ഭൂപേന്ദർ, ഗുർബേസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം പാർക്കിങ് സ്ഥലങ്ങളിലെയും മെട്രോ സ്‌റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
വിശദമായ പരിശോധനയ്ക്ക് ശേഷം പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോട്ടോ പ്രദേശത്ത് പ്രചരിപ്പിച്ചു. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഏപ്രിൽ 14ന്, മെട്രോയുടെ സ്‌പെഷ്യൽ സ്‌റ്റാഫിന്റെയും ഓഖ്‌ല വിഹാർ മെട്രോ പോലീസ് സ്‌റ്റേഷന്റെയും സംയുക്ത സംഘം, മെട്രോ സ്‌റ്റേഷന്റെ ഓരോ കവാടത്തിലും നിരീക്ഷണം ശക്തമാക്കുകയും പ്രതിയ്ക്കായി വല വിരിക്കുകയും ചെയ്യുകയായിരുന്നു.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി, മറ്റ് വിശദാംശങ്ങൾ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ നിന്ന് ശേഖരിച്ചുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.