അയല്‍വാസിയായ വയോധികനെ യുവാവ് അടിച്ചുകൊന്നു

വളര്‍ത്തുനായ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതിനെ എതിര്‍ത്ത് സംസാരിച്ച വയോധികനെ അയല്‍വാസിയായ യുവാവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്നു. ബെംഗളൂരു സോളദേവനഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗണപതി നഗര്‍ സ്വദേശി മുനിരാജ് (68 ) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ പ്രമോദ് എന്‍. ബിന്‍ നരസിംഹ മൂര്‍ത്തിയെ (27) പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രമോദും സുഹൃത്ത് രവികുമാറും രവിയുടെ ഭാര്യ പല്ലവിയും ചേര്‍ന്ന് മുനിരാജിന്റെ വീടിന് മുന്നില്‍ ബഹളം വെച്ചിരുന്നതായാണ് വിവരം. മുനിരാജിന്റെ അയല്‍വാസിയായ പ്രമോദ് വളര്‍ത്തുനായയെക്കൊണ്ട് മുനിരാജിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം നടത്തുക പതിവായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവ ദിവസവും നായ്ക്കുട്ടി മലമൂത്രവിസര്‍ജനം നടത്തുന്നതിന്റെയും വീടിന് മുന്നില്‍ നിന്ന് സിഗററ്റ് വലിക്കുന്നതിന്റെയും പേരില്‍ ഇരുവരും വഴക്കിട്ടിരുന്നു. വാക്തര്‍ക്കം മൂര്‍ച്ഛിക്കുകയും പ്രമോദ് കൊല്ലണമെന്ന ഉദ്ദേശത്തോടെ മുനിരാജിനെ ബാറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ മുനിരാജ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.