പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം: പ്രതി പിടിയില്‍

രാജസ്ഥാൻ: 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തത്.

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്ലാസ്റ്റിക് കവറുകളുമായി നടന്ന് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ കമലേഷ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഈ ആയുധം ഇതുവരെ കണ്ടെത്താനായില്ല.

കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.