മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെത്തുടർന്ന് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ലഭ്യമായ വിവരം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനാല്‍ പോലീസിന് യുവതിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.