യുവതിയെ കൊലപ്പെടുത്തി വീപ്പയിൽ തള്ളി – ബംഗളൂരുവിനെ ഞെട്ടിച്ച മൂന്നാമത്തെ കൊലപാതകത്തിലെ ചുരുളഴിയുമ്പോൾ
ബംഗളൂരു: നഗരത്തെ വിറപ്പിച്ച ബൈയ്യപ്പനഹള്ളിയിലെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി പിടിയിലാകുമ്പോൾ ചുരുളഴിയുന്നത് സീരിയൽ കില്ലറെന്ന സംശയം. എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) റെയിൽവേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞത് മുതൽ പോലീസ് അന്വേഷണം ശക്തമായിരുന്നു. അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ടത് ബീഹാർ സ്വദേശിയായ തമന്ന എന്ന ഇരുപത്തിയേഴുകാരിയാണെന്നും, കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.
മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്ത അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. മുഖ്യപ്രതി നവാബും ഇയാളുടെ കൂട്ടാളികളുമാണ് ഒളിവിൽ കഴിയുന്നത്. നവാബിന്റെ അമ്മാവന്റെ മകനായ അഫ്‌റോസിന്റെ ഭാര്യയായിരുന്നു കൊല്ലപ്പെട്ട തമന്ന. ഇതിനിടെ നവാബിന്റെ സഹോദരനുമായി തമന്ന പ്രണയത്തിലായി. ഇരുവരും ബംഗളൂരുവിൽ എത്തി ഒരുമിച്ച് താമസം ആരംഭിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം നവാബിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. തുടർന്ന് ബന്ധം ഉപേക്ഷിക്കാൻ നവാബ് ആവശ്യപ്പെട്ടെങ്കിലും, കമിതാക്കൾ തയ്യാറായില്ല. ഇതോടെ, തമന്നയെ കൊലപ്പെടുത്താൻ സംഘം തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിൽ ഉപേക്ഷിക്കുകയായിരുന്നു.
ബംഗളൂരുവിലെ ഞെട്ടിച്ച മൂന്നാമത്തെ കൊലപാതകമായിരുന്നു ഇത്. കഴിഞ്ഞ വർഷം അവസാനം മുതൽ ബെംഗളൂരുവിൽ സമാനമായ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവം. ഇതോടെയാണ് ബംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന റിപ്പോർട്ട് പരന്നത്.