മുംബൈ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം രണ്ട് ദിവസം കിടന്നുറങ്ങി യുവാവ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. നലസോപാര സ്വദേശിയായ പ്രഭുനാഥ് വിശ്വകർമ(26) എന്നയാളാണ് ഭാര്യ അനിത വിശ്വകർമ(25)യെ കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംശയരോഗത്തെ തുടർന്നാണ് പ്രഭുനാഥ് അനിതയെ കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന അനിതയെ പ്രതി ടവൽ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതൊന്നുമറിയാതെ സമീപത്ത് കിടന്നുറങ്ങിയ കുട്ടികളെ വിളിച്ചെഴുന്നേല്പിച്ച് അയൽപക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രതി മൃതദേഹത്തിന് സമീപം കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പ്രഭുനാഥ് എഴുന്നേറ്റ് ജോലിക്ക് പോയി. ജോലി കഴിഞ്ഞ വീട്ടിൽ എത്തിയ ശേഷം പ്രതി തന്നെ വിവരം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് പ്രഭുനാഥിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇവർ തമ്മിൽ കാര്യമായ അകൽച്ചയോ പ്രശ്നങ്ങളോ ഉള്ളതായി ബന്ധുക്കൾക്കറിയില്ല.