പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പട്ടം സ്വദേശികളായ കൃഷ്ണ പ്രസാദ് (20), ഷാരൂഖ് (20) എന്നിവരാണ് അറസ്റ്റിലായത്. പേരൂർക്കട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പേരൂർക്കട സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനുശേഷം ബാംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ റെയിൽവേ പോലീസിന്റെ സഹായത്തോടെ കോട്ടയം ഭാഗത്തു നിന്നാണ് പേരൂർക്കട പൊലീസ് പിടികൂടിയത്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഫിസ (18) എന്ന സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിഐ വി. സൈജുനാഥ്, എസ്ഐമാരായ മുരളീകൃഷ്ണ, രജീഷ് എന്നിവർ ഉൾപ്പെട്ട സംഘം ആണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.