പാറശാല: മാരായമുട്ടം പൊലീസ് സ്റ്റേഷന് പരിധിയിൽ നിരവധി കേസുകളിലെ പ്രതിയായ യുവാവ് ചെന്നൈയിൽ നിന്നും അറസ്റ്റിലായി. പെരുമ്പഴുതൂര്‍ വില്ലേജില്‍ കടവന്‍കോഡ് കോളനിയില്‍ മൊട്ട എന്ന് വിളിപ്പേരുള്ള ശ്രീജിത്ത് (24) ആണ് പിടിയിലായത്.
സംഘം ചേര്‍ന്ന് വീടുകളില്‍ കടന്നുകയറി വാള്, വാക്കത്തി മുതലായ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും താമസക്കാരെ ദേഹോപദ്രവം ഏല്പിക്കുകയും യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാൾ. തുടർന്ന്, ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീജിത്തിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കാൻ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചെന്നൈയിൽ ഇയാൾ ഒളിവിൽ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, നെയ്യാറ്റിന്‍കര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ടി. ഫറാഷ്, നെയ്യാറ്റിന്‍കര പൊലീസ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ ആർ. സജീവ്, അസിസ്റ്റന്റ് എസ്ഐ സന്തോഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ ജയിലിലടച്ചു.