ജീവനക്കാർക്ക് വിശ്രമം നൽകിയുള്ള പണി മതി! എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ


വിശ്രമം നൽകാതെ ജീവനക്കാരെ പണിയെടുപ്പിച്ച സംഭവത്തെ എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കൃത്യമായ വിശ്രമ സമയം അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എയർ ഇന്ത്യയ്ക്കെതിരെ നടപടി കടുപ്പിച്ചത്. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്, ഫ്ലൈറ്റ് ക്രൂവിന്റെ ഫാറ്റിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ചതിനാലാണ് 80 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ഡിജിസിഎ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മറുപടി തൃപ്തികരമാകാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

റിപ്പോർട്ടുകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസിന് മുകളിലുള്ള രണ്ട് ഫ്ലൈറ്റ് ജീവനക്കാരുമായി ഫ്ലൈറ്റ് (എ) പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ചട്ട ലംഘനമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ജീവനക്കാർക്ക് മതിയായ പ്രതിവാര വിശ്രമം, അൾട്രാ ലോംഗ് റേഞ്ച് ഫ്ലൈറ്റുകൾക്ക് മുമ്പ് ശേഷവും വിശ്രമം, ക്രൂവിന് മതിയായ വിശ്രമം എന്നിവർ നൽകുന്നതിൽ എയർ ഇന്ത്യ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ, പൈലറ്റുമാരുടെ ഡ്യൂട്ടി സമയം വർദ്ധിക്കുകയും, ഇത് രേഖകളിൽ തെറ്റായി അടയാളപ്പെടുത്തുകയും, ഡ്യൂട്ടി ഓവർലാപ്പ് ചെയ്യുകയും ചെയ്ത സംഭവങ്ങൾ കണ്ടെത്തി.