മാനദണ്ഡങ്ങൾ പാലിച്ചില്ല! രണ്ട് ബാങ്കുകൾക്ക് വൻ തുക പിഴ ചുമത്തി റിസർവ് ബാങ്ക്


ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 2 ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കന്റൈൽ ബാങ്കിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ‘അഡ്വാൻസ് പലിശ നിരക്ക്’ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഡിസിബി ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. മുൻകൂർ പലിശ നിരക്ക്, വലിയ വായ്പകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർദ്ദേശങ്ങൾ പാലിക്കാത്തത് തുടങ്ങിയ കാരണങ്ങളെ തുടർന്നാണ് തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന് പിഴ ചുമത്തിയിട്ടുള്ളത്.

ബാങ്കുകൾക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടി റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ള തല്ലെന്ന് ആർബിഐ വ്യക്തമാക്കി. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് സമാനമായ രീതിയിൽ ഇതിനു മുൻപും വിവിധ ബാങ്കുകൾക്കെതിരെ ആർബിഐ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ നാല് സഹകരണ ബാങ്കുകൾക്കും, ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനും പിഴ ചുമത്തിയിരുന്നു.