തിരിച്ചടികൾക്ക് പിന്നാലെ പിരിച്ചുവിടലിനുള്ള തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഉടൻ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിൽ നിന്ന് 20 ശതമാനം ജീവനക്കാരാണ് ഉടൻ പുറത്താകുക. റിസർവ് ബാങ്കിന്റെ നടപടികൾക്ക് വിധേയമാകുന്നതിനിടെയാണ് പേടിഎമ്മിന്റെ പുതിയ നീക്കം.
ഏതാനും മാസങ്ങൾക്കു മുമ്പ് പേടിഎമ്മിൽ പിരിച്ചുവിടലുകൾ നടന്നിരുന്നു. അക്കാലയളവിൽ ആയിരത്തോളം ജീവനക്കാരാണ് പുറത്താക്കപ്പെട്ടത്. ഇത്തവണ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, ഈ വർഷം ഒരു ടെക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നായി മാറും ഇത്. ബിസിനസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും, ചെലവ് ചുരുക്കുന്നതിന്റെയും ഭാഗമാണ് പുതിയ നീക്കമെന്ന് പേടിഎം പ്രതികരിച്ചു.
ചെറുകിട-ഉപഭോക്തൃ വായ്പകൾക്ക് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം പേടിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. 50,000 രൂപയിൽ താഴെയുള്ള വായ്പകളായിരുന്നു പേടിഎമ്മിന്റെ പ്രധാന വരുമാന സ്രോതസ്. ഇത് നിയന്ത്രിക്കപ്പെട്ടതോടെ ഡിസംബർ 7 ന് കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 20 ശതമാനത്തോളമാണ് ഇടിഞ്ഞത്.