സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഏറ്റവും അനിവാര്യമായിട്ടുള്ള രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ആദായനികുതി വകുപ്പാണ് പാൻ കാർഡ് ഇഷ്യൂ ചെയ്യുന്നത്. തിരിച്ചറിയൽ രേഖയായും പാൻ കാർഡ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് തുറക്കൽ, വായ്പയ്ക്ക് അപേക്ഷിക്കൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, നിക്ഷേപം തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ, പാൻ കാർഡ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ പിഴവ് പോലും നിയമനടപടികൾക്ക് വിധേയമാക്കാനുള്ള സാധ്യത കൂടുതലാണ്.
ആദായനികുതി നിയമപ്രകാരം, ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കുന്നത് തെറ്റാണ്. അത്തരത്തിൽ ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉള്ളത് ആദായനികുതി നിയമത്തിന്റെ ലംഘനമായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ പാൻ കാർഡ് ഉടമകൾ പിഴ ഒടുക്കേണ്ടി വരും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിക്കും. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്ന വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. അബദ്ധവശാൽ ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വെച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തെ പാൻ കാർഡ് നിർബന്ധമായും സറണ്ടർ ചെയ്യേണ്ടതാണ്.