സവാള കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനാണ് തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൊത്തം 64,400 ടൺ സവാള കയറ്റുമതി ചെയ്തേക്കുമെന്നാണ് സൂചന. ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും, യുഎഇയിലേക്ക് 14,400 ടണ്ണും കയറ്റി അയക്കുന്നതാണ്. നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്സ് വഴിയാണ് കയറ്റുമതി.
സവാളയുടെ ആഭ്യന്തര ലഭ്യത ഉറപ്പുവരുത്താനും വില നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി താൽക്കാലികമായി നിരോധിച്ചത്. 2023 ഡിസംബർ എട്ടിനാണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, സുഹൃദ് രാജ്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ കയറ്റുമതിയിൽ ഇളവ് അനുവദിക്കുമെന്ന് നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഒരു കിലോ സവാളയ്ക്ക് 100 രൂപ വരെയാണ് ഉയർന്നത്.