യുപിഐ സേവന രംഗത്ത് ആധിപത്യം ഉറപ്പിച്ചിരുന്ന ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി ഉയർത്താൻ പുതിയ എതിരാളി എത്തുന്നു. ഇത്തവണ കളിക്കളത്തിൽ ഫ്ലിപ്കാർട്ടാണ് എത്തിയിരിക്കുന്നത്. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്ലിപ്കാർട്ട് യുപിഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം. ആപ്പ് തുറന്നാൽ ആദ്യം കാണുന്ന യുപിഐ സ്കാനർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്.
ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഫ്ലിപ്കാർട്ട് യുപിഐ സേവനം ലഭിക്കുകയുള്ളൂ. തുടർന്ന് ഐഒഎസിലേക്കും എത്തുന്നതാണ്. പണം കൈമാറ്റം ചെയ്യാനും, റീചാർജ് ചെയ്യാനും, മറ്റ് ബിൽ പേയ്മെന്റുകൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. ഇതുവഴി യുപിഐ സേവന രംഗത്തും ആധിപത്യം സൃഷ്ടിക്കാൻ ഫ്ലിപ്കാർട്ടിന് കഴിയുന്നതാണ്. ആമസോൺ പേയ്ക്ക് സമാനമായാണ് ഇവയുടെ പ്രവർത്തനവും ഉണ്ടായിരിക്കുക.
യുപിഐ സേവനം ഉപയോഗിക്കുന്ന വിധം
- ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
- ആപ്പിനുള്ളില്‍ ‘ഫ്ലിപ്കാർട്ട് യുപിഐ’ ബാനര്‍ നോക്കി അതില്‍ ടാപ്പ് ചെയ്യുക.
- ‘ബാങ്ക് അക്കൗണ്ട് ചേര്‍ക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ഫ്ലിപ്കാർട്ട് യുപിഐയുമായി ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക.
- കണ്‍ഫര്‍മേഷന്‍ നല്‍കുക.
- വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് പരിധികളില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും.