തൊട്ടാൽ പൊള്ളും! സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില


സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ ഇന്നത്തെ വിപണി വില 47,560 രൂപയായി. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 5,945 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ വ്യാപാരം ഭീമമായ നേട്ടത്തിലാണ് ഉള്ളത്. ഇതാണ് കേരളത്തിന്റെ സ്വർണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്.

ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. മാർച്ച് മാസം മുതൽ സ്വർണവില ഉയർച്ചയിലാണ്. അന്താരാഷ്ട്ര തലത്തിൽ ട്രോയ് ഔൺസിന് 30.81 ഡോളർ ഉയർന്ന് 2114.29 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡ് നയ തീരുമാനങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് ഊർജ്ജമായി മാറിയിരിക്കുന്നത്.