പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന: സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം


കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജനയിൽ അപേക്ഷിക്കാൻ അവസരം. പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിയാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന. 2024 ഫെബ്രുവരി 13നാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിക്കായി 75,021 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതിക്ക് കീഴിൽ, ഒരു കിലോ സിസ്റ്റത്തിന് 30,000 രൂപ സബ്സിഡിയും, 2 കിലോവാട്ട് സിസ്റ്റങ്ങൾക്ക് 60,000 രൂപ സബ്സിഡിയും, 3 കിലോവാട്ട് അല്ലെങ്കിൽ അതിനുമുകളിലുള്ള സിസ്റ്റങ്ങൾക്ക് 78,000 രൂപ സബ്സിഡിയും കേന്ദ്ര ധനസഹായമായി ലഭിക്കുന്നതാണ്.

പിഎം സൂര്യ ഘറിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാനം, വൈദ്യുതി വിതരണ കമ്പനി, വൈദ്യുതി ഉപഭോക്തൃ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം ബാങ്ക് വിവരങ്ങളും സമർപ്പിക്കണം. അനുമതി ലഭിച്ചു കഴിഞ്ഞാൽ വൈദ്യുതി വിതരണ കമ്പനിയിലെ ഏതെങ്കിലും രജിസ്റ്റർ ചെയ്ത വളണ്ടിയർമാരിൽ നിന്ന് പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇൻസ്റ്റാളേഷൻ പൂർത്തിയാകുമ്പോൾ പ്ലാന്റ് വിശദാംശങ്ങൾ സമർപ്പിക്കുകയും, നെറ്റ് മീറ്ററിന് അപേക്ഷിക്കുകയും ചെയ്യണം.