വീട്ടിലിരുന്നുളള ജോലി മതിയാക്കിക്കോളൂ… ഇനി ഓഫീസിൽ എത്തണം! മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ടിസിഎസ്


വർക്ക് ഫ്രം ഹോം രീതി പൂർണ്ണമായും അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്). മുഴുവൻ ജീവനക്കാരോടും നിർബന്ധമായും ഓഫീസിലേക്ക് തിരികെയെത്താൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാർച്ച് മാസം വരെ മാത്രമേ ഇനി വർക്ക് ഫ്രം ഹോം അനുവദിക്കുകയുള്ളൂ. ഏപ്രിൽ മുതൽ നിർബന്ധമായും ജീവനക്കാർ ഓഫീസിൽ എത്തിയിരിക്കണമെന്നാണ് നിർദ്ദേശം. അതേസമയം, ഓഫീസിൽ എത്താത്ത ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

വർക്ക് ഫ്രം ഹോം രീതി പിന്തുടരുമ്പോൾ സൈബർ ആക്രമണത്തിന്റെ സാധ്യതകൾ കൂടുതലാണെന്നും, ഇത് വലിയ രീതിയിലുള്ള സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്കെതിരെ കമ്പനിക്ക് കൃത്യമായി മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കുകയില്ല. അതിനാൽ, സുരക്ഷ മുൻനിർത്തിയാണ് കമ്പനിയുടെ പുതിയ തീരുമാനം. അധികം വൈകാതെ തന്നെ കോവിഡിന് മുൻപുള്ള നിലയിലേക്ക് തൊഴിൽ മേഖലയിലെ എത്തിക്കാനാണ് ടിസിഎസിന്റെ ശ്രമം. കോവിഡിന് പിന്നാലെയാണ് ഹൈബ്രിഡ് രീതിയിലുള്ള ജോലി കമ്പനി ആരംഭിച്ചത്.