ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം രംഗത്ത് ചുവടുവയ്ക്കാൻ ഇനി ടാറ്റ ഗ്രൂപ്പും! ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ


ഓൺലൈൻ ഭക്ഷണ വിതരണം രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പ്. വമ്പൻ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കം. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒഎൻഡിസി വഴി ഭക്ഷണ വിതരണം നടത്താനാണ് കമ്പനിയുടെ പദ്ധതി. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് പുത്തൻ സംരംഭം വഴി കമ്പനി ലക്ഷ്യമിടുന്നത്. വിവിധ നഗരങ്ങളിൽ ഒഎൻഡിസി വഴി ഭക്ഷണ വിതരണം നടത്തുന്നതാണ്.

ടാറ്റ ന്യൂ ആപ്പിൽ ഭക്ഷണ വിഭാഗത്തിനായി പ്രത്യേക ടാബ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ, താജ് ബ്രാൻഡ് കണ്ടെത്തുന്ന ടാറ്റാ ഗ്രൂപ്പിന്റെ ഹോട്ടൽ കമ്പനിയുടെ റസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണ മെനു മാത്രമേ കാണിക്കുകയുള്ളൂ. ഒഎൻഡിസിയുമായി സഹകരിക്കുന്നതോടെ മറ്റ് റസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണ മെനുവും ദൃശ്യമാകും. ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് ടാറ്റ ഗ്രൂപ്പ് എത്തുന്നതോടെ, ഈ മേഖലയിലെ മത്സരം കൂടുതൽ മുറുകുന്നതാണ്. നിലവിൽ, ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിൽ 95 ശതമാനം വിഹിതവും സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും കൈവശമാണ് ഉള്ളത്.