ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം അതിവേഗത്തിൽ ലഭ്യമാക്കാനൊരുങ്ങി യുഎഇ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈനാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് എയർലൈൻ പ്രമുഖ കമ്പനിയായ വിഎഫ്എസ് ഗ്ലോബലുമായി ധാരണയിൽ എത്തിയിട്ടുണ്ട്. വിസ സംബന്ധമായ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് വിഎഫ്എസ് ഗ്ലോബൽ. വിസ ഓൺ അറൈവൽ ലഭിക്കുന്നതോടെ വിമാനത്താവളത്തിലെ ദീർഘനേരം നീളുന്ന ക്യൂവിൽ നിന്ന് രക്ഷനേടാനും, സുഗമമായി യുഎഇയിലേക്ക് പ്രവേശിക്കാനും കഴിയുന്നതാണ്.
എമിറേറ്റ്സ് വിമാനത്തിൽ യുഎഇയിലേക്ക് പറക്കുന്ന ഇന്ത്യക്കാർക്കാണ് മുൻകൂറായി അംഗീകരിച്ച വിസ ഓൺ അറൈവൽ ലഭ്യമാക്കുന്നത്. എന്നാൽ, ചില നിബന്ധനകൾക്ക് വിധേയമായാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. അതായത്, മുഴുവൻ ഇന്ത്യക്കാർക്കും വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയില്ല. കുറഞ്ഞത് ആറ് മാസത്തെ അമേരിക്കൻ വിസ, യുഎസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ റസിഡൻസി പെർമിറ്റ് അല്ലെങ്കിൽ യുകെ റസിഡൻസി പെർമിറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് മാത്രമേ വിസ ഓൺ അറൈവൽ ലഭിക്കാനുള്ള അർഹതയുള്ളൂ.