ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ‘നമസ്തേ വേൾഡ് സെയിൽ’ എന്ന പേരിലാണ് പുതിയ ഓഫർ ആരംഭിച്ചിരിക്കുന്നത്. ഇതോടെ, ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഫെബ്രുവരി അഞ്ച് വരെ മാത്രമേ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് ഓഫർ ലഭിക്കുക. എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ആഭ്യന്തര റൂട്ടിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപ മുതലും, അന്താരാഷ്ട്ര റൂട്ടിൽ 10,899 രൂപ മുതലുമാണ് ആരംഭിക്കുന്നത്. അതേസമയം, ആഭ്യന്തര റൂട്ടിലെ ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്.
ആദ്യം വരുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന നയം സ്വീകരിച്ചിരിക്കുന്നതിനാൽ, ടിക്കറ്റുകൾ പെട്ടെന്ന് തീരാനുള്ള സാധ്യതയുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ്, മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും കിഴിവ് ലഭിക്കും. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.