പുതുവർഷത്തിൽ റെക്കോർഡ് നേട്ടം! ജനുവരി മാസത്തിലെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം


ന്യൂഡൽഹി: 2024-ന്റെ ആദ്യ മാസമായ ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. ജിഎസ്ടി നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനം കൂടിയാണിത്. 2023 ജനുവരി മാസത്തെ വരുമാനക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 10.4 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടർച്ചയായ എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ പിന്നിടുന്നത്. കൂടാതെ, മൂന്ന് തവണ 1.70 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനാൽ ഒരു ദിവസം മുൻപാണ് ധനമന്ത്രാലയം ജിഎസ്ടി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കനുസരിച്ച് 1,72,129 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചിരിക്കുന്നത്. ഇന്നലത്തെ മുഴുവൻ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ ഈ വരുമാനം വീണ്ടും ഉയരുന്നതാണ്.

2023 ഡിസംബറിൽ 1.64 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജനുവരി വരെയുള്ള 10 മാസക്കാലയളവിൽ 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചിരിക്കുന്നത്. മുൻ വർഷത്തെ 14.96 ലക്ഷം കോടിയേക്കാൾ ഇക്കുറി 11.6 ശതമാനത്തിന്റെ വരുമാന വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ട്.