റിസർവ് ബാങ്കിന്റെ നടപടി തിരിച്ചടിയായി! ഓഹരി വിപണിയിൽ അടിമുടി തകർന്ന് പേടിഎം


റിസർവ് ബാങ്കിന്റെ കടുത്ത നടപടികൾക്ക് പിന്നാലെ വിപണിയിൽ തകർന്നടിഞ്ഞ് പേടിഎം ഓഹരികൾ. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുകയോ, നിക്ഷേപ, വായ്പ ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഇതോടെയാണ് പേടിഎം ഓഹരികൾ കനത്ത നഷ്ടം നേരിട്ടത്. പ്രീപെയ്ഡ് സൗകര്യങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗ് തുടങ്ങിയവ ടോപ്-അപ്പ് ചെയ്യരുതെന്നും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാപാരത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പേടിഎം ഓഹരികൾ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജെഫറീസ് അടക്കമുള്ള ബ്രോക്കറേജുകൾ പേടിഎം ഓഹരികളെ ഡൗൺഗ്രേഡ് ചെയ്തതും തിരിച്ചടിയുടെ ആഘാതം വർദ്ധിപ്പിച്ചു. നിലവിൽ, 20 ശതമാനം ഇടിഞ്ഞ് 609 രൂപയിലാണ് ഓഹരി വില ഉള്ളത്. പേടിഎമ്മിനെതിരെ സ്വരം കടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിലെ ഇടപാടുകാർക്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ തടസ്സമില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. കൂടാതെ, പേടിഎം യുപിഐ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഇവ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് കീഴിലാണ് വരുന്നത്.