ഇടക്കാല യൂണിയൻ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും, ഈ 6 പ്രഖ്യാപനങ്ങൾക്ക് സാധ്യത


ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ഇടക്കാല യൂണിയൻ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്ജറ്റ് കൂടിയാണിത്. പൊതു തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരം ഏൽക്കുന്നത് വരെയുള്ള നടപടിക്രമം മാത്രമായിരിക്കും ഇടക്കാല ബഡ്ജറ്റെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാൽ, 2024-25 സാമ്പത്തിക ബഡ്ജറ്റിലേക്കുളള വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ സമ്പൂർണ്ണ ബഡ്ജറ്റ് അവതരിപ്പിക്കുകയുള്ളൂ. നാളെ അവതരിപ്പിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ കാർഷിക മേഖലയടക്കം വലിയ പ്രതീക്ഷകളാണ് അർപ്പിച്ചിരിക്കുന്നത്. ബഡ്ജറ്റിൽ ഇടം പിടിക്കുന്നതിന് സാധ്യതയുള്ള ആറ് കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

  • രാജ്യത്തിന്റെ ക്ഷേമ ചെലവുകൾ വർദ്ധിപ്പിക്കാനും, 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കാനും സർക്കാർ നടപടി എടുത്തേക്കും.
  • നികുതി കുറയ്ക്കുന്നതിനും, കാർഷിക-ഗ്രാമീണ മേഖലകൾക്കുള്ള പിന്തുണ നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
  • ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീൻഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ, ബ്രോഡ്ബാൻഡ് എന്നിവയുടെ വളർച്ചയ്ക്ക് പ്രത്യേക ഊന്നൽ നൽകും
  • 2024-25 സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ-വള സബ്സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ അനുവദിക്കാൻ സാധ്യതയുണ്ട്.
  • ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള പണം 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കും.
  • ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യൺ രൂപ സമാഹരിക്കാൻ സാധ്യതയുണ്ട്.