ഇന്ത്യൻ വിപണിയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി തായ്‌വാനിലെ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്സ്‌കോൺ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 1.6 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിക്കാണ് ഫോക്സ്‌കോൺ തയ്യാറെടുപ്പുകൾ നടത്തുന്നത്. എന്നാൽ, എവിടെ, എങ്ങനെ നിക്ഷേപം നടത്തുമെന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ ഫോക്സ്‌കോൺ പങ്കുവെച്ചിട്ടില്ല. കോടികളുടെ നിക്ഷേപം നടത്തുന്നതോടെ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് തൊഴിൽ ലഭിക്കുക.
ഇതിനു മുൻപും ഫോക്സ്‌കോൺ ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന ഫോക്സ്കോണിന്റെ പ്ലാന്റിൽ ഏകദേശം 40,000-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികം തൊഴിലാളികളെ ഈ പ്ലാന്റിൽ നിയമിക്കുമെന്ന് ഫോക്സ്‌കോൺ വ്യക്തമാക്കി. ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന കമ്പനി കൂടിയാണ് ഫോക്സ്‌കോൺ. യുഎസും, ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നതിനാൽ ആപ്പിളിന്റെ നിർമ്മാണം ചൈനയിൽ നിന്ന് ഇന്ത്യയിലെ മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മറ്റ് അമേരിക്കൻ ടെക് ഭീമന്മാരും ചൈനയ്ക്ക് പുറത്ത് തങ്ങളുടെ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.