ചരക്ക് നീക്കത്തിന് സുഗമമായ കടൽപ്പാത! ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച് തായ്‌ലൻഡ്


തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി തായ്‌ലൻഡ്. ഏഷ്യ-പസഫിക്കിനെയും, ഇന്ത്യ-ഗൾഫ് മേഖലയെയും തായ്‌ലൻഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ചരക്കുനീക്കപ്പാത സജ്ജമാക്കാനാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഇന്ത്യയ്ക്ക് മുൻപാകെ തായ്‌ലൻഡ് സമർപ്പിച്ചിട്ടുണ്ട്. ഏകദേശം 2,800 കോടി ഡോളർ ചെലവിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് തായ്‌ലൻഡിന്റെ നീക്കം. ‘ലാൻഡ് ബ്രിഡ്ജ്’ എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

കടൽ മാർഗ്ഗമുള്ള ചരക്ക് നീക്കം സാധ്യമാക്കാനായി ആൻഡമാൻ കടൽ, ഗൾഫ് ഓഫ് തായ്‌ലൻഡ് എന്നിവിടങ്ങളിലായി രണ്ട് ആഴമേറിയ തുറമുഖങ്ങളും സജ്ജമാക്കുന്നതാണ്. ആൻഡമാൻ കടലിന്റെ റണോഗിംലും, ഗൾഫ് ഓഫ് തായ്‌ലൻഡിന്റെ ചുംഫോണിലുമാണ് തുറമുഖങ്ങൾ നിർമ്മിക്കുക. ഇതിനോടൊപ്പം തായ്‌ലൻഡിന്റെ പടിഞ്ഞാറൻ മേഖലയിലെ ക്ര ഇസ്ത്മസ് എന്ന പ്രദേശത്ത് പുതിയ കനാലും നിർമ്മിക്കുന്നതാണ്. ഇതിനോട് അനുബന്ധമായാണ് രണ്ട് തുറമുഖങ്ങളും സജ്ജമാക്കുക.

പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ഇന്ത്യ-ഏഷ്യ പസഫിക് ചരക്കുനീക്കത്തിൽ 1,200 കിലോമീറ്ററുകളോളം ലഭിക്കാനാകും. കൂടാതെ, ചരക്കുനീക്കത്തിനുള്ള ശരാശരി സമയം നാല് ദിവസമായി കുറയുകയും, ഷിപ്പിംഗ് നിരക്കിൽ 15 ശതമാനം വരെ ലാഭവും നേടാൻ സാധിക്കും. സർക്കാറിന്റെ പിന്തുണയോടൊപ്പം സ്വകാര്യ നിക്ഷേപവും ഉൾപ്പെടുത്തിയാണ് ഈ സംരംഭത്തിന് തായ്‌ലൻഡ് തുടക്കമിടുന്നത്. കടൽ മാർഗ്ഗമുള്ള ചരക്കുനീക്കം വിജയകരമായാൽ തായ്‌ലൻഡിന്റെ ജിഡിപി വളർച്ച നിരക്ക് 5 ശതമാനത്തിന് മുകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

തായ്‌ലൻഡിൽ നിന്നും, ഏഷ്യാ പസഫിക് മേഖലയിൽ നിന്നും ചരക്ക് കപ്പലുകൾ ഇന്ത്യ-ഗൾഫ് മേഖലയിലേക്ക് സഞ്ചരിക്കുന്നത് സിംഗപ്പൂരിനും മലേഷ്യയ്ക്കും ഇടയിലുള്ള മലാക്ക കടലിടുക്ക് വഴിയാണ്. ആഗോള ചരക്ക് നീക്കത്തിന്റെ നാലിൽ ഒന്ന് ഭാഗവും മലാക്ക കടലിടുക്ക് വഴി തന്നെയാണ് നടക്കുന്നത്. അതിനാൽ, 2030 എത്തുമ്പോഴേക്കും ഇതുവഴിയുള്ള ചരക്ക് നീക്കം കൂടുതൽ തിരക്കേറിയതാകാൻ സാധ്യതയുണ്ട്. കൂടാതെ, തിരക്കിന് അനുസൃതമായി ഷിപ്പിംഗ് ചാർജും കൂടിയേക്കാം. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയൊരു പദ്ധതി ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പ് തായ്‌ലൻഡ് നടത്തിയത്. ഇതിലൂടെ ചരക്കുനീക്ക രംഗത്ത് നിർണായക ശക്തിയായി മാറാൻ തായ്‌ലൻഡിന് കഴിയുന്നതാണ്.