ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വെള്ളിക്ക് ഡിമാൻഡ് ഉയർന്നതോടെ പുതിയ നിക്ഷേപ പദ്ധതിയുമായി എഡൽവീസ്. വെള്ളി ഇടിഎഫിനാണ് എഡൽവീസ് തുടക്കമിട്ടിരിക്കുന്നത്. നവംബർ 20 വരെ നിക്ഷേപകർക്ക് വെള്ളിയിൽ നിക്ഷേപം നടത്താവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് 5000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അധിക തുക നിക്ഷേപിക്കാവുന്നതാണ്. ഉയർന്ന നിക്ഷേപ പരിധി നിശ്ചയിച്ചിട്ടില്ല. നിക്ഷേപം പൂർത്തിയാകുന്നതോടെ നവംബർ 24 മുതൽ ഓഹരി വിപണി വഴി തുടർച്ചയായി വാങ്ങാനും വിൽക്കാനും സാധിക്കുന്നതാണ്.
നിക്ഷേപകരിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ 95 ശതമാനം വെള്ളി അല്ലെങ്കിൽ, വെള്ളി അനുബന്ധ ഡെറിവേറ്റീവുകളിലാണ് നിക്ഷേപിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് നിക്ഷേപകർക്ക് നേട്ടം ലഭിക്കുന്നതാണ്. അതേസമയം, വെള്ളി ഇടിഎഫുകളിൽ ദീർഘകാല നേട്ടങ്ങളെ കുറിച്ച് വിലയിരുത്താൻ കഴിയുകയില്ല.
ഇടത്തരം മുതൽ ഉയർന്ന റിസ്ക് വിഭാഗത്തിലാണ് വെള്ളി ഇടിഎഫ് നിക്ഷേപം ഉള്ളത്. ഒരു ഔൺസിന് 24 ഡോളറാണ് വെള്ളിയുടെ അന്താരാഷ്ട്ര വില നിലവാരം. 2024 അവസാനത്തോടെ 29 ഡോളറിലേക്ക് ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2021 നവംബർ മുതലാണ് മ്യൂച്വൽ ഫണ്ടുകൾക്ക് വെള്ളി ഇടിഎഫുകൾ തുടങ്ങാനുള്ള അനുമതി സെബി നൽകിയത്.