ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഗുജറാത്ത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 17.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഗുജറാത്ത് വരവേറ്റത്. 15.7 ലക്ഷം പേരെത്തിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്തുള്ള പശ്ചിമ ബംഗാൾ സന്ദർശിച്ചത് 10.4 ലക്ഷം പേരാണ്. ഡൽഹിയിൽ 8.2 ലക്ഷം പേരും, ഉത്തർപ്രദേശിൽ 6.5 ലക്ഷം പേരുമെത്തി.
ഇത്തവണ വിദേശ വിനോദ സഞ്ചാരികളിൽ കേരളം സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 3.5 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ മാത്രമാണ് കേരളം സന്ദർശിച്ചത്. മാലിന്യ നീക്കത്തിലെ പ്രശ്നങ്ങൾ, സുരക്ഷാ ഭീതി തുടങ്ങിയവയാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇവ മറികടക്കാൻ കഴിഞ്ഞാൽ കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 4.1 ലക്ഷം പേർ സന്ദർശിച്ചിട്ടുണ്ട്. കോവിഡ് ഭീതി അകന്നതോടെ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഉയർന്നിട്ടുണ്ട്.