കേരളത്തിന്റെ മണ്ണിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് വേരുറപ്പിച്ചത് 4000-ത്തിലധികം സ്റ്റാർട്ടപ്പുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2016-ൽ 300ഓളം സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, വെറും 7 വർഷം കൊണ്ട് സ്റ്റാർട്ടപ്പുകളുടെ എണ്ണം 15 ഇരട്ടിയിലധികം ഉയർന്ന് 4,679 ആയി. സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിച്ചതിന് അനുപാതികമായി ഈ മേഖലയിൽ ഗണ്യമായ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2016 മുതൽ 2023 വരെ 40,750 തൊഴിലവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
സ്റ്റാർട്ടപ്പുകളുടെ മൂലധന നിക്ഷേപം 207 കോടി രൂപയിൽ നിന്ന് 5,500 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സ്റ്റാർട്ടപ്പ് മേഖലയുടെ വികസനത്തിനായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് സ്റ്റാർട്ടപ്പ് മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ്. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ ടെക്നോളജി ഇന്നോവേഷൻ സോണിനും, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ രീതിയിലുള്ള പിന്തുണ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. അതേസമയം, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളോടനുബന്ധിച്ച് ഇൻകുബേഷൻ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി 10 സർവകലാശാലകൾക്ക് 20 കോടി രൂപ നൽകുന്നതാണ്.