പിൻ നമ്പർ രേഖപ്പെടുത്താതെയുള്ള സേവനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ലൈറ്റിന്റെ ഇടപാട് പരിധി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. നിലവിൽ, യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200 രൂപ മാത്രമാണ് അയക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പുതിയ മാറ്റം അനുസരിച്ച്, ഇനി മുതൽ പരമാവധി 500 രൂപ വരെ അയക്കാൻ സാധിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതോടെ, ഉപഭോക്താവിന് പിൻ നൽകാതെ ഒറ്റ ക്ലിക്കിലൂടെ 500 രൂപയോ, 500 രൂപയിൽ താഴെയുള്ളതോ ആയ ഇടപാടുകൾ നടത്താനാകും. ചെറിയ പണമിടപാടുകൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് യുപിഐ ലൈറ്റ് സേവനം ആരംഭിച്ചത്.
മാസങ്ങൾക്ക് മുൻപാണ് യുപിഐ ലൈറ്റ് സേവനം ആർബിഐ അവതരിപ്പിച്ചത്. എന്നാൽ, യുപിഐ ലൈറ്റിനെക്കുറിച്ച് ഭൂരിഭാഗം ആളുകളും ബോധവാന്മാരല്ല. യുപിഐ ലൈറ്റിന്റെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബാങ്കുകളും, എൻപിസിഐയും ഒരുപോലെ പ്രവർത്തിക്കണമെന്നാണ് വിദഗ്ധർ അറിയിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്കിടയിലും, വ്യാപാരികൾക്കിടയിലും യുപിഐ ലൈറ്റ് സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.